തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ട എന്നത് കൃത്യമായ നിലപാടാണെന്ന് എം.കെ. മുനീർ എം.എൽ.എ. പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്.
തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് ശക്തമായ നിലപാടാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടിൽ പെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.
പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്ലിം ലീഗ് പ്രവർത്തകന് മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്ലിം ലീഗുകാരൻ തന്നെയായിരിക്കും. ഒരേസമയം രണ്ട് വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും.
യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്. എൽ.ഡി.എഫിൽ പോകുമെന്നത് നടക്കാത്ത സ്വപ്നം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന് മാത്രമല്ല, നിഷ്ക്രിയവുമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ കള്ളക്കടത്തു വിഷയം തേഞ്ഞു മാഞ്ഞുപോകില്ല. നിയമവഴികളിൽ പോരാട്ടം തുടരും. എന്നാൽ ബി.ജെ.പി-സി.പി.എം പലപ്പോഴും ഭായി ഭായി ആണ് എന്നത് മറക്കരുത്. പക്ഷേ ഞങ്ങൾ പ്രതിപക്ഷം അത് അനുവദിക്കില്ല. ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.