India Kerala

‘ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’; ഇരുകൈകളും ഇല്ലാത്ത പ്രണവിന് ജോലി നല്‍കി എം എ യൂസഫലി

കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ് യൂസഫലിയെ കണ്ടതും കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു.ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍, തൊണ്ടയിടറിക്കൊണ്ടുള്ള യുവാവിന്റെ വാക്കുകള്‍ കേട്ട് സെക്കന്റുകള്‍ക്കകം ജോലി നല്‍കണമെന്ന് നിര്‍ദേശം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും യൂസഫലി ചോദിക്കുന്നുണ്ട്.

എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട് എന്നായിരുന്നു പ്രണവിന്റെ മറുപടി. തല്‍ക്ഷണം ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എം എ യൂസഫലി. അടുത്ത തവണ മാളില്‍ വരുമ്പോള്‍ പ്രണവ് മാളില്‍ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്‍കി. എംഎല്‍എ ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. പാലക്കാടിന്റെ കര്‍ഷകര്‍ക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.