തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഇന്ന് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ അറിയിക്കാനാണ് നീക്കം.
ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അടുത്താഴ്ച ആദ്യം അപ്പീല്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.ഹൈക്കോടതി ഉത്തരവ് പ്രകാരം 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് നീക്കം.2015 ല പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019 ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണുള്ളത്. 25000 ത്തോളം ബുത്തുകള്‍ കേരളത്തിലുണ്ട്.ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ട് നമ്പര്‍ അടക്കം പരിശോധിക്കണം, കരട് പട്ടിക തയ്യാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യണം.മാത്രമല്ല അതിന് ശേഷം ഇത് വാര്‍ഡ് അടിസ്ഥാനത്തിലേക്ക് മാറ്റേണ്ടി വരും.
വാര്‍ഡ് അടിസ്ഥാനത്തിലുള്ള 2015 പട്ടികയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നും പതിനാലര ലക്ഷത്തോളം പേര്‍ ഇതിനോടകം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.അപ്പീല്‍ പോയാലും തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. അടിയന്തര ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഹരജി വേഗത്തില്‍ പരിഗണിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് ആലോചന.ഇന്ന് ലഭിക്കുന്ന ഹൈക്കോടതി വിധി പകര്‍പ്പ് പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനത്തിലേക്ക് കമ്മീഷന്‍ എത്തുന്നത്.