Kerala

ഇരുട്ടടി വീണ്ടും; പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു

കൊച്ചി: സാധാരണക്കാരന് ഇരുട്ടടി നൽകി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കാസർക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.

ഇന്ധന വിലയും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണിത്. പെട്രോൾ- ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസൽ ലിറ്ററിന് 81 രൂപ 03 പൈസയും.

കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയിൽ വില വർധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.