ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു.
പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടത്തിന് തന്നെ വിട്ടിരിക്കുകയാണ്.
ആരുടെയും പ്രേരണ പ്രകാരമല്ല അബൂദബിയിൽ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കും മന്ത്രാലയത്തിനും എംബസി കൈമാറി.
അബൂദബിയിൽ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി പറഞ്ഞ പെൺകുട്ടി, അത് നിഷേധിച്ചിട്ടുണ്ട്. നാട്ടിൽ നിന്നുള്ള പരാതിയെ തുടർന്ന് എംബസി പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. എംബസി അധികൃതരും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തി.