India Kerala

ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ഡി.ജി.പി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ബഹ്റ പാലിച്ചില്ല. നിബന്ധനകള്‍ പാലിക്കാത്തത് മൂലം വാഹനങ്ങളുടെ പണം 2018 ജൂണ്‍ വരെ നല്‍കിയിട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജൂണിന് ശേഷം സര്‍ക്കാര്‍ പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2017 ജനുവരിയിലാണ് പൊലീസ് വകുപ്പിന് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ 1.26 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയത്.

സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവലിലെ ബന്ധപ്പെട്ട വകുപ്പുകളും,തുറന്ന ദര്‍ഘാസും കൃത്യമായി പാലിക്കണമെന്ന് വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തിയാണ് ബഹ്റ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ദര്‍ഘാസ് വിളിക്കാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് നല്‍കിയ വിതരണ ഉത്തരവിന് സാധുത നല്‍കണമെന്ന് സര്‍ക്കാരിനോട് ആഗസ്റ്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുള്ള സര്‍ക്കാരിന്‍റെ മറുപടിക്ക് കാത്തുനില്‍ക്കാതെ 33 ലക്ഷം രൂപ മുന്‍കൂറായി കമ്പനിക്ക് നല്‍കി.

സംസ്ഥാന പൊലീസ് മേധാവിയുടെ ഈ നടപടിക്ക് നിയമസാധുത നല്‍കാന്‍ 2018 ഏപ്രിലില്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതിന് പിന്നാലെ 2018 ജൂണില്‍ വാഹനങ്ങള്‍ പൊലീസ് സ്വീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ട് വില്‍പ്പനക്കാരന് കൊടുക്കേണ്ട ബാക്കി 77 ലക്ഷം രൂപല 2018 ജൂണ്‍ വരെ സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്നും സി.എ.ജി വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ചാണ് ബഹ്റ വാഹനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തം.