ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞയാഴ്ച്ച സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.
ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ് ഏത് സാഹചര്യത്തിൽ ഇറക്കിയെന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാർ വാദങ്ങളെ എതിർത്ത് ഹർജിക്കാരനും മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാരിറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനുമായ ആർ.എസ്. ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.