ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. രാഷ്ട്രപതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന് അറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന് അംഗീകാരമില്ല.
സാങ്കേതി സര്‍വകലാശാല ഭേദഗതിയുമാടയി ബന്ധപ്പെട്ട അപലേറ്റ് ട്രൈബ്യൂണല്‍ ബില്‍, വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലിനും അനുമതിയില്ല. രാഷ്ട്രപതി അംഗീകാരം നല്‍കിയത് ലോകായുക്ത നിയമ ഭേദഗതി ബില്ലിന് മാത്രമാണെന്ന് രാജ്ഭവന് വ്യക്തമാക്കി.
സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു.
ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.