India Kerala

ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്​ അവസാനിക്കും

ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്
അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ അറിയിക്കും. കൂടുതൽ മേഖലാ സമ്മേളനങ്ങൾ നടത്താനുള്ള തീരുമാനവും ലോക കേരള സഭ കൈക്കൊള്ളും.

കഴിഞ്ഞ വർഷം രൂപം നൽകിയ ലോക കേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭിന്നതകൾ മാറ്റി നിർത്തി പ്രതിപക്ഷ നിരയിലെ നിരവധി എം.എൽ.എമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കുപരി ശക്തമായ നടപടികളാണ് പ്രവാസി പ്രശ്നങ്ങളിൽ ഉണ്ടാകേണ്ടതെന്ന്
പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു.

വൈകിയാണെങ്കിലും പ്രവാസി പ്രശ്നങ്ങളിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ആഹ്ലാദകരമാണെന്ന് സാമ്പത്തിക വിദഗ്ധൻ കെ.വി ശംസുദ്ദീൻ പറഞ്ഞു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്
ലോകകേരള സഭയുടെ ഭാഗമായി ദുബൈ ഇത്തിസലാത്ത്
അക്കാദമിയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഉപസമിതി റിപ്പോർട്ടുകളുടെ അവതരണവും ലോക കേരള സഭയുടെ ഭാവി നടപടികൾ സംബന്ധിച്ച ചർച്ചയുമാണ് സമാപന ദിവസമായ ഇന്ന്
പ്രധാനമായും നടക്കുക.