കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു മൂത്രശങ്ക കലശലായപ്പോള്‍ ട്രയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിച്ച സംഭവം. ട്രയിനിന്റെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ഉൽഹാസ് നഗർ – വിതൽവാടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചായിരുന്നു ലോക്കോപൈലറ്റ്‍ ഇതു ചെയ്തത് . അപ്രതീക്ഷിതമായ ട്രയിൻ നിർത്തുകയും ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആരോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു. സംഭവത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. ട്രയിനിൽ മോട്ടോർമാൻ, ഗാർഡുകൾ എന്നിവരുടെ കാബിനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കാത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും റയില്‍വെ ജീവനക്കാര്‍ പറയുന്നു.
എന്നാല്‍ ലോക്കോ പൈലറ്റുമാരുടെ ദുരിതം ഇവിടംകൊണ്ടൊന്നും തീരുന്നില്ലെന്നാണ് കൊല്ലം സ്വദേശിയും ലോക്കോപൈലറ്റുമായ പ്രദീപ് ചന്ദ്രന്‍ വ്യക്തമാക്കുന്നത്. കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് കുറവാണെന്നും അത്രയും ദൂരം ട്രെയിനിൽ മറ്റ് സ്റ്റാഫുകൾക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങൾ നിർവ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലെന്നും പ്രദീപ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ട്രയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നതെന്നും വഴിയിൽ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഇപ്പോഴത്തെ വൈറൽ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രയിൻ നിർത്തി ട്രാക്കിൽ മൂത്രം ഒഴിക്കുന്നത് … ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് … കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് കുറവാണ് … ചെന്നൈ – വിജയവാഡ 430 കി.മീ ആണ്… പല ട്രയിനുകൾക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല … അത്രയും ദൂരം ട്രെയിനിൽ ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകൾക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങൾ നിർവ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല … ട്രയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത് തന്നെ …. വഴിയിൽ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ … അത് പോലെ വെള്ളവും … വെള്ളം സമയത്ത് കുടിക്കാത്തത് കൊണ്ട് മിക്ക ലോക്കോ പൈലറ്റുമാർക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് … ഇനി മെമുവിന്റെ കാര്യം എടുത്താൽ , അതിൽ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു … ട്രെയിൻ ഓടുമ്പോൾ ലോക്കോ പൈലറ്റ് എപ്പോഴും ഡി.എം.എച്ച് എന്നൊരു ഹാൻഡിൽ അമർത്തി പിടിച്ച് ആണ് ട്രെയിൻ ഓടിക്കേണ്ടത് … ഹാൻഡിലിൽ നിന്നും കൈ എടുത്താൽ ട്രെയിൻ അവിടെ നിൽക്കും … വാട്ടർബോട്ടിലിൽ വെള്ളം ഉണ്ടെങ്കിൽ പോലും വെള്ളം കുടിക്കാൻ കഴിയാറില്ല .. ട്രെയിൻ നിർത്തുമ്പോൾ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ പറയും … ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം … സിംഗിൾ മാൻ വർക്കിംഗ് ആയത് കൊണ്ട് ട്രെയിൻ നിർത്തുമ്പോൾ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല .. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാർട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാൻ വൈകിട്ട് 7.25 ആകും …. അത്രയും സമയം വെള്ളം കുടിക്കാതെ , ആഹാരം കഴിക്കാതെ , മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു ..
ലോക്കോയിൽ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വർഷങ്ങളായ ആവശ്യമാണ് … പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങൾക്ക് ട്രാക്കിൽ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ ….ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ … ഞങ്ങളും മനുഷ്യരാണ് ….
( എഞ്ചിനിൽ ടോയ്ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം , ഞങ്ങൾക്ക് സ്റ്റേഷനുകളിൽ പ്രാഥമിക ആവിശ്യം നിർവ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാൽ ഞങ്ങൾ ഹാപ്പിയാണ് ).