Kerala

WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ നടപ്പിലാക്കി തുടങ്ങും.

52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്. ഐ.പി.ആർ. 14-ൽ ഏറെയുള്ള ജില്ലകളിൽ മൈക്രോ-കണ്ടെയിൻമെന്റ് സോണുകൾ 50 ശതമാനത്തിൽ അധികം വർധിപ്പിക്കും.

അതേസമയം കോഴിക്കോട് ജില്ലയിൽ രോഗ വ്യാപനം ഉയരുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. ഇളവുകൾ തുടരുന്നതിനാൽ രോഗവ്യാപനം ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആർആർടികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സ്ഥിതിഗതികൾ വിശദമായി പരിശോധിച്ചിതിന് ശേഷമേ കണ്ടെയിൻമെന്റ് സോണുകളിൽ ഇനി മുതൽ ഇളവ് അനുവദിക്കൂ.

2000ത്തിന് മുകളിലാണ് കോഴിക്കോട്ടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ആദ്യ മുന്ന് ജില്ലകളിൽ ഒന്ന് കോഴിക്കോടാണ്. ഇന്നലെ ടിപിആർ നിരക്ക് ഉയർന്ന് 20 ശതമാനം കടന്ന് 20.12ലെത്തി. 2335 പേർക്ക് കൊവിഡ് സ്ഥീരികരിക്കുകയും ചെയ്തു. നിലവിലെ നിയന്ത്രണങ്ങളിൽ നിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശമായി നടപ്പിലാക്കുമ്പോഴും രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതോടെ ബദൽമാർഗം തേടുകയാണ് ജില്ലാ ഭരണകൂടവും.