Kerala Local

ആൻസന്‍റെ ബൈക്ക് അഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ, കണ്ണീര് തോരാതെ കുടുംബം

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്  കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ. പിറന്നാൾ  ആഘോഷങ്ങൾക്കായി തയ്യാറെടുത്ത വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം നമിതയുടെ ചേതനയറ്റ ശരീരം എത്തിയത്. നമിത തങ്ങളുടെ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഈ കുടുംബത്തിന് സാധിച്ചിട്ടില്ല.

ബി കോമിനു ശേഷം സിഎ പഠിക്കാൻ ആഗ്രഹിച്ചിരുന്നു നമിത. കുടുംബത്തിന് അവൾ താങ്ങായി മാറും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ  റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും. അതേസമയം  പ്രതിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൺ  റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത്  ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.  ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്.

ആൻസെന്റെ ലൈസൻസും ആർ സിയും  റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാർ ഇല്ലെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗത തന്നെയാണ് നമിതയുടെ ജീവനെടുത്തത് എന്ന് ഇതോടെ വ്യക്തമാവുകയാണ്.