ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും.
കോവിഡ് വ്യാപനം കാരണമാണ് അടുത്ത മാസം ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്. ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കും. അതുകൊണ്ട് ഡിസംബര്‍ മാസം ആദ്യവാരത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ നീക്കം.
രണ്ട് തെരഞ്ഞെടുപ്പിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഡിസംബര്‍ ആദ്യം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്
തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശസ്ഥാപങ്ങളിലെ അധ്യക്ഷന്‍മാരുടെ സംവരണം നിശ്ചയിക്കല്‍ ഈ മാസം നടക്കും. ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 26 ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.