തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. 10 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ്, യുഡിഎഫിന്റെയും ബിജെപിയുടെയും വിവിധ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. യുഡിഎഫും 10 സീറ്റിൽ വിജയിച്ചു. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി ബിജെപി.
ഒരു കോർപ്പറേഷൻ വാർഡ്, നാല് മുൻസിപ്പാലിറ്റി വാർഡ്, 18 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. പതിമൂന്നിടത്ത് യുഡിഎഫും അഞ്ചിടത്ത് വീതം എൽഡിഎഫും ബിജെപിയും എന്നതായിരുന്നു മുൻപത്തെ ചിത്രം. 5 സീറ്റിൽ നിന്നാണ് എൽഡിഎഫ് സീറ്റ് എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചത്.
യുഡിഎഫിൽ നിന്ന് നാല് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപിയിൽ നിന്ന് മൂന്ന് സീറ്റുകളും നേടി. തിരുവനന്തപുരം നഗരസഭയിലെ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത് എൽഡിഎഫിന് വലിയ നേട്ടമായി. നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ ഭരണവും ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാൻ എൽഡിഎഫിനായി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എസ് അർച്ചന 98 വോട്ടുകൾക്ക് വിജയിച്ചതോടെയാണ് ഭരണ മാറ്റം.
രണ്ട് സിറ്റിംഗ് സീറ്റുകളിൽ എൽഡിഎഫ് പരാജയപ്പെട്ടു. 13 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് 10 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇടുക്കി മൂന്നാർ പഞ്ചായത്തിൽ കൂറുമാറ്റത്തിൽ അംഗങ്ങളെ അയോഗ്യരാക്കിയതിനെ തുടർന്ന് നടന്ന രണ്ടു വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 5 സീറ്റിൽ നിന്ന് ബിജെപി മൂന്നായി ചുരുങ്ങി. തിരുവനന്തപുരം നഗരസഭയിലെ സീറ്റ് നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. എന്നാൽ ചരിത്രത്തിൽ ആദ്യമായി മട്ടന്നൂർ നഗരസഭയിൽ നേടിയ അട്ടിമറി വിജയം കരുത്തായി. യുഡിഎഫ് സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.