തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്. 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി മൊയ്തീന്‍ രംഗത്തെത്തി. 2015ലെ പട്ടിക പ്രകാരം പുതുക്കൽ നടത്തുന്നതിനെതിരെ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്റെയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്കരൻ തള്ളിയിരുന്നു. വാർഡ് അടിസ്ഥാനത്തിൽ ക്രമീകരിച്ച 2015 ലെ പട്ടിക ഉപേക്ഷിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 2015-ലെ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
എന്നാല്‍ കമ്മീഷന് പിന്തണയുമായി തദ്ദേശ മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാണെന്ന് മന്ത്രി വ്യക്തമാക്കി. 2019 ലെ പട്ടിക വേണമെന്നാണ് ഭരണ പ്രതിപക്ഷ കക്ഷികളുടെ ആവശ്യമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.
വോട്ടർ പട്ടിക സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും പ്രതികരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ പുനർവിഭജിക്കാനുള്ള ഓർഡിനൻസ് വൈകുന്നത് തെരഞ്ഞെടുപ്പു നടപടികളെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്ന് വന്നിട്ടുണ്ട്.