Kerala

ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്; 72 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

കോവിഡ് ഭീതി വകവയ്ക്കാതെ ജനം ബൂത്തുകളിലെത്തിയതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് അഞ്ചു ജില്ലകളിലായി 72.67 പോളിംങ് രേഖപ്പെടുത്തി. പോസ്റ്റല്‍ ബാലറ്റ് കൂടി ഉള്ളത് കൊണ്ട് അന്തിമ കണക്കെടുപ്പില്‍ വോട്ടിംഗ് ശതമാനം 75 വരെയെത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ആദ്യമണിക്കൂറുകളില്‍ ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ നീണ്ട നിര. കോവി‍ഡ് കാലമായതിനാല്‍ പോളിംഗ് കുറയുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടേയും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം

ഉച്ചക്ക് ഒരു മണിയോടെ പോളിംങ് 50ശതമാനം കടന്നു. അഞ്ചു ജില്ലകളിലെ കഴിഞ്ഞ തവണത്തെ ശരാശരിയായ 75.74 ശതമാനം മറികടക്കുമെന്ന പ്രതീതി രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ടായി. എന്നാല്‍ ഉച്ചക്ക് ശേഷം ബൂത്തുകളില്‍ തിരക്ക് കുറഞ്ഞു. രാത്രി വരെയുള്ള കണക്ക് പ്രകാരം, തിരുവനന്തപുരം 69.76, കൊല്ലം 73.34, പത്തനംതിട്ട 69.70, ആലപ്പുഴ 77.23, ഇടുക്കി 74.56 ശതമാനം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകള്‍.

കോവിഡ് ,ക്വാറന്‍റൈന്‍ രോഗികള്‍ക്കുള്ള പോസ്റ്റല്‍ വോട്ട് കൂടി കണക്കാക്കുമ്പോള്‍ കഴിഞ്ഞ തവണത്തേതിനടുത്ത് അഞ്ചു ജില്ലകളിലും പോളിംഗ് എത്തിയേക്കും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്. ഒരിടത്തും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. വോട്ടിംഗ് മെഷീന്‍ തകരാര്‍ അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിച്ചു. മഹാമാരിക്കിടെ വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു

ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വലിയ വിജയം തേടുമെന്ന് മന്ത്രിമാരായ ജെ മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എം എം മണിയും പ്രതികരിച്ചു. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും ജനങ്ങള്‍ കൊടുക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയും അവസാനഘട്ടം 14നും നടക്കും. 16നാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്ത് പോളിംഗ് സാമഗ്രികൾ മടക്കി നൽകുന്ന സമയത്ത് വേണ്ടത്ര സജ്ജീകരണം ഒരുക്കിയില്ലെന്ന് ഉദ്യോഗസ്ഥരുടെ പരാതി. നാലാഞ്ചിറ സർവ്വോദയ വിദ്യാലയത്തിലെ സ്ട്രോങ് റൂം ക്രമീകരണങ്ങളെ ചൊല്ലിയാണ് പരാതി. ഇതേ തുടർന്ന് നൂറ് കണക്കിന് ഉദ്യോഗസ്ഥർക്ക് സ്ട്രോങ്ങ് റൂം കോമ്പൗണ്ടിൽ രാത്രി മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നു എന്നാണ് പരാതി