2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിവേചന അധികാരം ആണെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും കോടതി.
2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും 2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നു. ഒരു മണ്ഡലത്തിലെ വാർഡ് അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പുതുക്കുന്നത്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാകട്ടെ പോളിംഗ് ബൂത്ത് അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. 2015ലെ പട്ടിക പ്രകാരം പല വാർഡുകളുടേയും ഭാഗങ്ങൾ പല പോളിംഗ് ബൂത്തുകളിലായി കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടിക തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലെന്ന് കമീഷൻ കോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.