രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍
സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്.
രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സിപിഐഎം അറിയിച്ചിരുന്നു. ശ്രേയാംസ്‌കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്ന ആവശ്യമാണ് എല്‍ജെഡി മുന്നോട്ടുവെച്ചിരുന്നത്.
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.