Kerala

എൽജെഡി ജെഡിഎസിൽ ലയിക്കും; മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ

ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു. ലയന സമ്മേളനം ഉടൻ നടത്താനും തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.

ലയന കാര്യത്തിൽ തീരുമാനം എടുക്കാനായി കോഴിക്കോട് എൽജെഡി നേതൃയോഗം ചേർന്നിരുന്നു. ഏറെ കാലമായുള്ള ചർച്ചയ്ക്ക് ഒടുവിലാണ് ലയന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനായി ഇന്ന് എൽജെഡി നേതൃ യോഗം ചേർന്നത്. ലയന കാര്യം ചർച്ച ചെയ്ത ഏഴ് അംഗ സമതി റിപ്പോർട്ട്‌ യോഗത്തിൽ പ്രസിഡന്റ് ശ്രേയംസ് കുമാർ അവതരിപ്പിച്ചു. മറ്റു ജനത പാർട്ടികളുമായി ചർച്ച പരാജയമായതും ഇടതു മുന്നണിയിൽ തുടരേണ്ടതുകൊണ്ടുമാണ് ജെഡിഎസുമായുള്ള ലയനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

എംപി വീരേന്ദ്ര കുമാർ തുടങ്ങി വച്ച ലയന ചർച്ചയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ലയനം പുറത്തിയാക്കാൻ സിപിഐഎം നേതൃത്വവും താല്പര്യമെടുത്തിരുന്നെങ്കിലും അന്നത് നടന്നില്ല.