India Kerala

എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം

എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം. ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന് ലയിക്കാമെന്നാണ് നിലപാട്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലയന ചര്‍ച്ചകളില്‍ അനൂകൂല നിലപാടുമായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി രംഗത്ത് വന്നിരുന്നു. ലയനം വേഗത്തില്‍ നടക്കട്ടെയെന്ന നിലപാടാണ് ജെ.ഡി.എസ് നേതൃത്വത്തിനുള്ളത്.ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തു.

കൃഷ്ണന്‍കുട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രംഗത്ത്. ഇതിന് പിന്നാലെ മാധ്യമങ്ങളെകണ്ട ശ്രേയാസ് കുമാര്‍ ജെ.ഡി.എസിനെ പരിഹസിക്കുന്ന നിലപാടാണെടുത്തത്. ലയനം നടന്ന് കഴിഞ്ഞാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശ്രേയാംസ് കുമാറിന് വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ. ഇതാണ് ശ്രേയാംസ് കുമാറിന്റെ വാക്കുകള്‍ക്ക് പിന്നിലെന്നാണ് സൂചന. വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് തുടരുകയാണ്.