Kerala

‘ കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ല’; ലിതാരയുടെ അച്ഛൻ

കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അന്തരിച്ച ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ അച്ഛൻ കരുണൻ. കോച്ച് രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി ലിൻസി പറയുന്നു.

ലിതാരയുടെ അമ്മ ക്യാൻസർ രോഗിയാണ്. വീട് പണിയാനെടുത്ത 16 ലക്ഷം രൂപയെ കുറിച്ചും വീട് പണി തീരാത്തതിനെ കുറിച്ചുമെല്ലാം ലിതാരയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ലിതാര ഒരിക്കലും കുടുംബത്തെ മറന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് സഹോദരങ്ങൾ പറഞ്ഞു.

‘ഞങ്ങളെ കടക്കെണിയിലാക്കിയിട്ട് എന്റെ മകൾ പോകില്ല. അവൾക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ചെയ്യില്ല’- അച്ഛൻ കരുണൻ പറഞ്ഞു.

കേരളത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളർന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ ടീമിൽ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭ…. വിഷുവിന് നാട്ടിൽ വന്നപ്പോൾ ബാസ്‌ക്കറ്റ് ബോളിൽ പ്രാഥമിക പരിശീലനം നൽകിയ വട്ടോളി നാഷ്ണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ പോയിരുന്നു ലിതാര. ഏപ്രിൽ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം അപ്രിൽ 28ന് ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രിൽ 26നാണ് ലിതാരയെ പാട്‌നയിലെ ഒറ്റമുറി ഫഌറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.