തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങള്‍ ഉണ്ടായിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയണ്‍ സഫാരി പാര്‍ക്കിനെ കൈയ്യൊഴിഞ്ഞു.
നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സഞ്ചാരികളുടെ എണ്ണവും വരുമാനവും വര്‍ധിച്ചു. ഡാം കാണാന്‍ വരുന്നതിനൊപ്പം സിംഹങ്ങളെ കാണാനും നൂറു കണക്കിന് സഞ്ചാരികള്‍ ദിനവും എത്തുമായിരുന്നു.
സിംഹങ്ങളുടെ സംരക്ഷണം വകുപ്പിന് ബാധ്യതയായതോടെ ചെലവ് ചുരുക്കലിന്‍റെ പേരില്‍ സിംഹങ്ങളുടെ എണ്ണം കുറക്കാന്‍ ആണ്‍ സിംഹങ്ങളെ വന്ധ്യംകരിച്ചു. അതിന് പിന്നാലെ പല സിംഹങ്ങളും അസുഖം ബാധിച്ച് ചത്തൊടുങ്ങാന്‍ തുടങ്ങി. അവസാനമായി കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു സിംഹം കൂടി ചത്തതോടെ പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം ഒന്നായി. ഇതോടെ പാര്‍ക്കില്‍ സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞു.
ഗുജറാത്തിലെ മൃഗശാലയില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ നെയ്യാറിലേക്ക് കൊണ്ട് വരാന്‍ വനം വകുപ്പ് തീരുമാനിച്ചെങ്കിലും ആ ഫയല്‍ ഇപ്പോഴും അനങ്ങിയിട്ടില്ല. സിംഹങ്ങളുടെ പരമാവധി ആയുസ് 17 വയസ്സാണ്. അതുകൊണ്ട് തന്നെ ബാക്കിയുള്ള ഒരു സിംഹം എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പുമില്ല. മന്ത്രിയുടേയും ജനപ്രതിനിധികളുടേയും വാക്കുകള്‍ വാഗ്ദാനങ്ങളില്‍ ഒതുങ്ങിയതോടെയാണ് തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്ന് അടച്ച് പൂട്ടല്‍ ഭീഷണിയില്‍ എത്തിയിരിക്കുന്നത്.