Association Kerala Pravasi Switzerland

പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്

പിന്നോക്ക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, നിരാലംബർക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകിയും, സ്വിറ്റ്‌സർലൻഡിലെ  ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് അവരുടെ പത്താം വാർഷികം അർത്ഥവത്താക്കി. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ലൈറ്റ് ഇൻ ലൈഫ് കരുണയുടെ പ്രകാശം ചൊരിഞ്ഞത്.

ആസാം, മേഘാലയ, അരുണാചൽപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലും, മഡഗാസ്കറിലുമായി പ്രതിവർഷം 400 വിദ്യാർത്ഥികൾക്കാണ് താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള പഠനസഹായം ലൈറ്റ് ഇൻ ലൈഫ് നൽകിവരുന്നത്. 2022 ൽ മഡഗാസ്കറിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ച സംഘടന, പോയവർഷം അംഗിലിമിടയിൽ ഒരു ഹൈസ്‌കൂളും, അംബോഹിമേനയിൽ ഒരു കോളേജും നിർമ്മാണം പൂർത്തിയാക്കി നവംബറിൽ വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തു. രണ്ട് സ്ഥാപനങ്ങളിലുമായി 800 ഓളം കുട്ടികളാണ് പഠിക്കുന്നത്. സിസ്റ്റെർസ് ഓഫ് ദി ഡെസ്റ്റിട്യൂട്‌സ് എന്ന സാമൂഹ്യസേവന സ്ഥാപനവുമായി സഹകരിച്ചാണ് ലൈറ്റ് ഇൻ ലൈഫിൻ്റെ മഡഗാസ്കറിലെ പ്രവർത്തനം. 2.05 ലക്ഷം സ്വിസ്സ് ഫ്രാങ്കിൻ്റെ പദ്ധതികളാണ് (രണ്ട് കോടി രൂപ) നാളിതുവരെ മഡഗാസ്കറിൽ ലൈറ്റ് ഇൻ ലൈഫ് നടപ്പാക്കിയിട്ടുള്ളത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘടന നിർമ്മിച്ചു നൽകിയ സ്‌കൂളുകൾ വഴി, പ്രതിവർഷം രണ്ടായിരത്തോളം കുട്ടികളാണ് വിദ്യാഭ്യാസം നേടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സഹായ പദ്ധതികളും ലൈറ്റ് ഇൻ ലൈഫ് നൽകിവരുന്നു. കിടപ്പാടമില്ലാത്തവർക്ക് സ്വന്തമായൊരു ഭവനം ഒരുക്കുന്ന പദ്ധതിയിൽ ഇതേവരെ 118 കുടുംബങ്ങൾക്കാണ് വീട് വെച്ചുനല്കിയിട്ടുള്ളത്.  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 32 വീടുകളുടെ നിർമ്മാണത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.

സ്വിറ്റ്‌സർലൻഡിലെ 19 കുടുംബങ്ങൾ മാത്രം അംഗങ്ങളായ ലൈറ്റ് ഇൻ ലൈഫ് എന്ന കുഞ്ഞു സംഘടന, ഉദാരമതികളായ സുമനസ്സുകളുടെ സഹായത്തോടെ പത്താം വാർഷികം പൂർത്തിയാക്കുമ്പോൾ, ഇതേവരെ 24 ലക്ഷം സ്വിസ്സ് ഫ്രാങ്കിൻ്റെ (20 കോടി രൂപ) കാരുണ്യ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. 

അടിസ്ഥാന സൗകര്യങ്ങളൊരുക്കി പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഭാവിയുടെ വഴിതെളിക്കാനും, നിരാലംബർക്ക് താങ്ങാവാനും, ഉദാരമനസ്‌കതയിലും, പരസ്പര സഹകരണത്തിലും കൈകോർത്ത്, പ്രത്യാശയുടെ വെളിച്ചം പകരുകയാണ് ലൈറ്റ് ഇൻ ലൈഫ്.

REPORT BY GEORGE NADUVATHEETTU -PRO LIGHT IN LIFE

Leave a Reply

Your email address will not be published. Required fields are marked *