Kerala

വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ്; റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി

വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ റവന്യുമന്ത്രി കെ.രാജന്‍ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. വനനിയമങ്ങളും ലൈസന്‍സ് നടപടികളും അട്ടിമറിച്ച് കാടിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാനാണ് ലൈസന്‍സ് നല്‍കിയത്.

വനത്താല്‍ ചുറ്റപ്പെട്ട 15 ഏക്കര്‍ ഭൂമിയില്‍ 15000 ടണ്‍ സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ അനുമതി നല്‍കിയത് വനംവകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ട് കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച് വേണം ഈ ഗോഡൗണിലെത്താന്‍.

മേക്കേപ്പാല ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ കോട്ടപ്പാല ഫോറസ്റ്റ് റിസര്‍വിനുള്ളില്‍ 15 ഏക്കര്‍ പട്ടയഭൂമിയ്ക്കാണ് സ്‌ഫോടക വസ്തു ശേഖരിയ്ക്കാന്‍ ലൈസന്‍സ് നല്‍കിയത്. കാടിനുള്ളിലേക്കുള്ള റോഡ് വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കാനാകില്ല മാത്രമല്ല വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ലൈസന്‍സ് നല്‍കാനുമാകില്ല. എന്നിട്ടും റവന്യു വകുപ്പ് ലൈസന്‍സ് നല്‍കിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് റവന്യുമന്ത്രിയുടെ ഇടപെടല്‍.

വില്ലേജ് ഓഫിസിലോ പഞ്ചായത്തിലോ ഈ ലൈസന്‍സ് സംബന്ധിച്ച് ഒരു വിവരമില്ല. മാരക പ്രഹര ശേഷിയുള്ള 4 മെഗസിന്‍ സ്‌ഫോടക വസ്തു ശേഖരിയ്ക്കാനാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് വാങ്ങിയ പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാത്തതിലും ദുരൂഹതയുണ്ട്.