Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി നീക്കം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ നീക്കം വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടപ്പെടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു

നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ പരസ്യമായി തള്ളിപ്പറയാത്തത്. സര്‍ക്കാരിന്റെ അഴിമതി മൂടിവയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നത് അംഗീകരിക്കാനാവിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡിയോട് വിശദീകരണം തേടാനുളള ഉത്തരവ് ശരിയാണോയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ചോദിച്ചു.

ഇഡിക്ക് നോട്ടീസ് നല്‍കിയത് വിസ്മയിപ്പിച്ചെന്നും നിയസഭാ കമ്മിറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വിഡി സതിശന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനായി സര്‍ക്കാര്‍ മിഷനറികളെ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭ പ്രിവിലേജ് കമ്മറ്റി ഏഴു ദിവസത്തിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉന്നതരെ വിളിച്ചു വരുത്താനാണ് നീക്കം.