പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് ചിന്തിക്കണം. ഇത്രയും നാൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽകുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നത്.
താൻ എന്ത് ചെയ്‌തുവെന്ന് ഇവിടുത്തെ നാട്ടുകാരോട് ചോദിക്കണമെന്ന് ചാണ്ടി ഉമ്മൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
അതേസമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും.
കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
ജെയ്ക് സി തോമസ് അടക്കം നാലു പേരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മത്സരിച്ചത് ജെയ്ക് സി തോമസായിരുന്നു. ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്. അനില്‍ ആന്റണി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നേതൃത്വം തള്ളിയിരുന്നു.
അതേസമയം ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.