Kerala

ഇല പിളര്‍ന്ന് ഇടത്തോട്ട്; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.

തുടർ ചർച്ചകൾക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്. ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ജോസ് കെമാണിയുടെ മുന്നണി പ്രവേശനം വേഗത്തില്‍ തന്നെ വേണമെന്ന നിലപാടിലാണ് സി.പി.എം. ജോസുമായി ആദ്യഘട്ടത്തില്‍ സഹകരണം മതിയോ അതോ ഘടകക്ഷിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. സാധാരണ ഗതിയില്‍ പുതിയ കക്ഷികളെ മുന്നണിക്ക് പുറത്ത് നിന്ന് സഹകരിപ്പിച്ച ശേഷം ഘടകക്ഷിയാക്കുന്നതാണ് എല്‍.ഡി.എഫ് രീതി. എന്നാല്‍ ജോസിന്‍റെ കാര്യത്തില്‍ വിട്ട് വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥന സി.പി.എം സി.പി.ഐക്ക് മുന്നിലേക്ക് വയ്ക്കും. എന്നാല്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന നിലപാട് കാനം സ്വീകരിക്കാനാണ് സാധ്യത. പാല സീറ്റിന്‍റെ കാര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന മാണി സി. കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും യോഗത്തിൽ ചർച്ചക്ക് വരും. കാപ്പൻ മുന്നണി വിട്ട് പോകില്ലെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ. മാണി ഇടതു മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.