Kerala

ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച

ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച. ചോർച്ച കാരണം വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശിൽപങ്ങളിൽ പതിക്കുന്നു. അടുത്ത മാസം അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.തന്ത്രിയുടേയും തിരുവാഭരണ കമ്മീഷന്റെയും മേൽനോട്ടത്തിലും സാന്നിധ്യത്തിലുമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ വിഷു പൂജാ സമയത്ത് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണവാരിയർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. സ്‌പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന് ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർദേശിച്ചു.

വിദഗ്ധരെ വരുത്തി ശ്രീകോവിലിന്റെ ചോർച്ച പരിശോധിക്കണമെന്നും ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡിന് ഒരു മാസം മുൻപ് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.