India Kerala

ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം

മുസ്ലിം ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം. ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും ക്രിയാത്മകമായി ഇടപെടാന്‍ എംപിമാര്‍ക്ക് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. രാജ്യസഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പി.വി അബ്ദുല്‍ വഹാബിന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്താനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം.

ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ പോലും നാല് മുസ്ലിംലീഗ് എം.പിമാര്‍ക്കിടയില്‍ ഒരു തരത്തിലുള്ള ഏകോപനവും ഇല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. അതുകൊണ്ടാണ് മുത്തലാഖ് പോലുള്ള പ്രധാന വിഷയങ്ങളില്‍ ഒന്നിന് പുറകെ ഒന്നായി പാളിച്ചകളുണ്ടായത്. രാജ്യസഭയിലെ ലീഗിന്റെ ഏക എം.പി പി.വി അബ്ദുല്‍ വഹാബ് പ്രസംഗിക്കാന്‍ അവസരമുണ്ടായിട്ടും സഭയില്‍ എത്താതിരുന്നത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വിമര്‍ശനം. ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്താന്‍ നേതൃത്വം നല്‍കേണ്ട ലീഗ് എം.പിമാര്‍ അതും ചെയ്തില്ലന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ സ്വന്തം നിലയില്‍ വിഷയങ്ങളില്‍ ഇടപെടുന്നുണ്ടങ്കിലും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുന്നതായാണ് ആക്ഷേപം.

സഭാ സമ്മേളനം നടക്കുന്ന സമയത്ത് പോലും പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും ബുധന്‍,വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് പൂര്‍ണ്ണസമയം ഡല്‍ഹിയില്‍‌ ചെലവഴിക്കാറുള്ളൂവെന്നും വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മുമ്പില്‍ വിഷയം എത്തിച്ചെങ്കിലും വേണ്ടത്ര ഗൌരവം നല്‍കുന്നില്ലന്ന പരാതിയും നേതാക്കള്‍ക്കുണ്ട്.