Kerala

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍: കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തുമെന്നാണ് സൂചന. മുസ്‍ലിം ലീഗ് സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റായി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താത്ക്കാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

നിലവിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ എം ഷാജിക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വിജിലന്‍സ് കേസ് നടക്കുന്നതിനാല്‍ അതിന് സാധ്യതയില്ല. ഇത്തവണ മത്സരിക്കാതിരുന്ന സി മമ്മൂട്ടി , അഡ്വ.എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ പികെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടി തന്നെ വരാനാണ് സാധ്യത. ഉന്നതാധികാര സമിതി അംഗം കൂടിയായ സാദിഖലി തങ്ങളെ സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റാക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകരുതെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.