Kerala

സുധാകരൻ അധ്യക്ഷൻ; അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍

കെ.പി.സി.സി പ്രസിഡന്‍റായി കെ സുധാകരനെ ഹൈക്കമാന്‍റ് നിശ്ചയിച്ചതോടെ അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍. തീരുമാനം അംഗീകരിക്കുന്നതായും കെ സുധാകരന് പിന്തുണ നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.തീരുമാനം അംഗീകരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസില്‍ ആരുമില്ലെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ പ്രതികരണം. കെ. സുധാകരന് എല്ലാവിധ പിന്തുണയും നൽകുന്നതായി സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകളെ അവഗണിക്കാന്‍ ആകില്ലെന്ന് പറഞ്ഞ കെസി ജോസഫിന്‍റെ വാക്കുകള്‍ പരോക്ഷമായ അതൃപ്തിപ്രകടനമായി മാറി. ഊര്‍ജ്ജസ്വലമായ അന്തരീക്ഷം ഒരുക്കുമെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുധാകരന് പിന്തുണയുമായെത്തി.

പ്രവർത്തകർക്കിടയിൽ ആത്മ വിശ്വാസമുണ്ടാകാൻ സുധാകരന്റെ വരവ് സഹായിക്കുമെന്ന് എ കെ ആന്റണി. പ്രവർത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകണമെന്നും ആന്റണി പറഞ്ഞു. കെ സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയത്.പ്രവർത്തകർക്ക് ആവേശം പകരുന്ന തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തലമുറ മാറ്റം എന്ന് പറഞ്ഞാൽ ചിലരെ പൂർണമായി ഒഴിവാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരനെ തരെഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം മുസ്‌ലിം ലീഗ് സ്വാഗതം ചെയ്തു. കോണ്‍ഗ്രസിന് പുതുജീവൻ നൽകുന്ന തീരുമാനമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാക്കളും അണികളുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ് സുധാകരനെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സുധാകരൻ മാധ്യമങ്ങളെ കണ്ടതിൽ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. താരീഖ് അൻവർ സുധാകരനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. എന്നാൽ മാധ്യമങ്ങളെ താനായിട്ട് വിളിച്ച് വരുത്തിയതല്ലെന്ന് സുധാകരൻ പറഞ്ഞു.