Kerala

യൂത്ത് ലീഗിന് ദേശീയ തലത്തിൽ പുനഃസംഘടന വേണം ; നേതാക്കൾ തങ്ങളെ കണ്ടു

യൂത്ത് ലീഗ് ദേശീയ പുനഃസംഘടന ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ദേശീയ വൈസ് പ്രസിഡന്‍റ് മുഈന്‍ അലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ ദേശീയ ഭാരവാഹി യോഗം വിളിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുസ്ലീം യൂത്ത് ലീഗ് ആരോപണങ്ങളില്‍ പെട്ടുലയുന്നതിനിടെയാണ് ദേശീയ നിര്‍വാഹക സമിതി യോഗം ഉടന്‍ വിളിക്കണമെന്നും പുനസംഘടന നടത്തണമെന്നും ആവശ്യം ഉയരുന്നത്. ദേശീയ പ്രസിഡന്‍റ് സാബിര്‍ ഗഫാര്‍ രാജി വെക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും, രാജി വെച്ച ഒഴിവിലേക്ക് താത്കാലിക അധ്യക്ഷനെ നിയമിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും ഒരു വിഭാഗം നേതാക്കള്‍ ഹൈദരലി തങ്ങളെ അറിയിച്ചു. ഡൽഹി സ്വദേശി ആസിഫ് അൻസാരിയാണ് നിലവിൽ യൂത്ത് ലീഗ് ദേശീയ അധ്യക്ഷ ചുമതല വഹിക്കുന്നത് .

കത്വ ഫണ്ട് വിവാദവും, സഹപ്രവര്‍ത്തകയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജി വെച്ച സാഹചര്യവും വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് ഒരു വിഭാഗം യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളുടെ ആവശ്യം. ദേശീയ വൈസ് പ്രസിഡന്‍റ് മുഈന്‍ അലി തങ്ങളുടെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.കെ എം ഹനീഫ, നിസാര്‍ ചേലേരി, പി ളംറത്ത് തുടങ്ങിയവരാണ് മുസ്ലീം ലീഗ് അധ്യക്ഷനെ സന്ദര്‍ശിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ യോഗം വിളിച്ച് പുനഃസംഘടന നടത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങളോട് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. സികെ സുബൈറിന്‍റെ രാജിയുമായി ബന്ധപ്പെട്ട് ഇത് വരെയും യൂത്ത് ലീഗ് , മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.