വട്ടിയൂര്‍ക്കാവിലെ പോളിങ് ശതമാനം പുറത്തുവന്നതോടെ വിജയപ്രതീക്ഷ ഇരട്ടിച്ച് എല്‍.ഡി.എഫ് ക്യാമ്പ്. എന്നാല്‍ പോളിങ് കുറഞ്ഞത് തിരിച്ചടിയാവുമെന്ന് ആശങ്കിക്കുന്ന യു.ഡി.എഫ് വോട്ടുമറിക്കല്‍ ആരോപണം ഉന്നയിച്ച് രംഗത്തുവന്നു. വോട്ടു കുറയുമെന്ന് വ്യക്തമായതോടെ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു.
പോളിങ്ങിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ 7 ശതമാനം കുറവ്. തങ്ങളുടെ വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തതിനാല്‍ എല്‍.ഡി.എഫിന് ഭയമില്ല. തികഞ്ഞ ആത്മവിശ്വാസം. ബി.ജെ. പി വോട്ടുമറിക്കുമെന്ന സൂചനയും തല്‍ക്കാലമില്ല.
പോളിങ് ശതമാനം 65 എങ്കിലും തൊടുമെന്ന് പ്രതീക്ഷിച്ച യു.ഡി. എഫ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്. വോട്ടുചോര്‍ച്ച സമ്മതിച്ച കെ. മുരളീധരന്‍ ഒരു മുഴം മുന്നേയെറിഞ്ഞു. വോട്ട് മറിക്കല്‍ തള്ളിയ ബി.ജെ.പി പോളിങ്ങ് കുറവിന് പഴിക്കുന്നത് മഴയെയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷിന് പ്രഭാവം പോരെന്ന രാജഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചറിയില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.