Kerala

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടത് മുന്നണി സമരത്തിന്; നവംബര്‍ 25ന് ബഹുജന സമരം സംഘടിപ്പിക്കും

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ. എം. ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്നത്‌ അതേ പോലെ ആവര്‍ത്തിക്കുകയാണ്‌ ഇ.ഡി ചെയ്യുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു. കിഫ്ബിയെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന ബി.ജെ.പിയും യു.ഡി.എഫും പറയുന്നത് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അതുപോലെ ആവർത്തിക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന. സ്വപ്നയുടെ ശബ്ദരേഖ അവരുടേതല്ലെന്ന് ഔദ്യോഗികമായി നിഷേധിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും. സ്വയം വിശ്വാസ്യത തകർക്കുന്ന അന്വേഷണ ഏജൻസിയായി ഇ.ഡി മാറിക്കഴിഞ്ഞെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളുടെ നിലപാടിനെതിരെ പ്രതികരിക്കാനാണ് തീരുമാനമെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും ഇടതുമുന്നണി പറഞ്ഞു. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടതുമുന്നണി നവംബര്‍ 25ന് ബഹുജന സമരം സംഘടിപ്പിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും യു.ഡി.എഫ്-ബി.ജെ.പി -കേന്ദ്ര ഏജൻസികൾ കേരളത്തിൽ ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.