India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു

പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതിക്കെതിരെ ‍എൽ.ഡി.എഫ് ഉപവാസ സമരം ആരംഭിച്ചു. ക്രമക്കേടിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അതേസമയം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട വല്ലാര്‍പാടം മേല്‍പ്പാലം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൽ ഡി എഫ് ഉപവാസ സമരം ആരംഭിച്ചത്. രാവിലെ 10 മണി മുതൽ 3 മണിവരെയാണ് സമരം. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

ഈ മാസം 30ന് കുന്നുകരയിൽനിന്ന‌് പാലാരിവട്ടത്തേക്ക് നടത്തുന്ന ലോങ‌്മാർച്ചോടെ ആദ്യഘട്ട സമരം അവസാനിക്കും. വല്ലാര്‍പാടം മേല്‍പ്പാലത്തില്‍ കണ്ടെത്തിയ തകരാര്‍ ഗുരുതരമാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധ പരിശോധന തുടരും. പാലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ തുറന്ന് കൊടുക്കാനുള്ള നടപടികളുണ്ടാവൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.