India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രം ആരംഭിക്കും. അതേസമയം തകരാറിലായ വല്ലാര്‍പ്പാടം – വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ വിശദമായ പരിശോധനകളും ഇന്ന് നടക്കും.

അഴിമതിക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അനിശ്ചിത കാല സത്യാഗ്രഹത്തിന് എല്‍.ഡി.എഫ് തുടക്കമിടുന്നത്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നും മുഴുവന്‍ അഴിമതിക്കാരെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹം സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടത്തിന് പിന്നാലെ കുണ്ടന്നൂരിലും വല്ലാര്‍പാടത്തും പാലങ്ങളില്‍ തകാരാര്‍ കണ്ടെത്തിയത് രാഷ്ട്രീയ ആയുധമാക്കാന്‍ നേരത്തെ എല്‍.‍ഡി.എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ കുണ്ടന്നൂര്‍ പാലത്തിന് കാര്യമായ തകരാറുകളില്ലന്നാണ് പരിശോധന നടത്തിയ വിദഗ്ദ സംഘം വ്യക്തമാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം അപ്രോച്ച് റോഡ് തകര്‍ന്ന് അപകാടാവസ്ഥയിലായ വല്ലാര്‍പാടം വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ വിശദമായ പരിശോധനകള്‍ ഇന്നും തുടരും. ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഹൈവേ അതോറിറ്റി ഇന്നലെ പാലത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും തകരാറിന്റെ കാരണം കണ്ടെത്താനായിരുന്നില്ല . ഇതേതുടര്‍ന്നാണ് താത്കാലികമായി ഗതാഗതം തടഞ്ഞ പാലത്തില്‍ വിദഗ്ദരെ ഉപയോഗിച്ച് പരിശോധനകള്‍ തുടരാന്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്.