India Kerala

രാഹുല്‍ വരുന്നു; തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തി ഇടത് മുന്നണി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മാത്രം നടത്തി വന്ന പ്രചരണം മാറ്റി കോണ്‍ഗ്രസിനെ കൂടി കടന്നാക്രമിച്ചുള്ള പ്രചരണ രീതിയിലേക്കായിരിക്കും ഇടത് നേതാക്കള്‍ ഇനി കടക്കുന്നത്.സി.പി.ഐയുടെ മണ്ഡലമാണെങ്കിലും സി.പി.എമ്മിന്റെ കൂടുതല്‍ ശ്രദ്ധ ഇനി വയനാട് മണ്ഡലത്തിലുണ്ടാകും

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ഇടത് മുന്നണി പരമാവധി ശ്രമിച്ചെങ്കിലും അത് ഫലവത്താവാതെ വന്നതോടെ ഇതുവരെ നടത്തി വന്ന പ്രചരണ രീതിയില്‍ കാര്യമായ മാറ്റം വരുത്താനാണ് ഇടത് നേതൃത്വം ആലോചിക്കുന്നത്. കോണ്‍ഗ്രസിനെയും രാഹുലിനേയും കടന്നാക്രമിക്കാതെ സംഘപരിവാറിനെതിരേയും മോദിക്കെതിരേയും മാത്രമായിരുന്നു ഇടത് മുന്നണി ഇതുവരെ പ്രചരണം നടത്തിയിരുന്നത്. അതില്‍ മാറ്റം വരുത്തി ബി.ജെ.പിക്കൊപ്പം തന്നെ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരിക്കും ഇനിയുള്ള ഇടത് പ്രചരണം. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തില്‍ വന്ന് മത്സരിച്ചിട്ട് ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യമായിരിക്കും ഇടത് നേതാക്കള്‍ ഇനി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

വയനാട് മണ്ഡലം സി.പി.ഐയുടേത് ആണെങ്കിലും രാഹുല്‍ വന്നതോടെ സി.പി.എം കൂടുതല്‍ മണ്ഡലത്തില്‍ സജീവമാകും. സി.പി.എമ്മിന്റെ മണ്ഡലത്തില്‍ കൊടുക്കുന്നയത്ര ശ്രദ്ധ വയനാട് മണ്ഡലത്തിലും കൊടുക്കാന്‍ സി.പി.എം നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തിന് വരും ദിവസങ്ങളില്‍ നല്‍കും.