ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള ധാരണയും യോഗത്തിലുണ്ടാകും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്.
സീറ്റ് വിഭജനം സംബന്ധിച്ച് സി.പി.ഐയുമായി സി.പി.എം നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരിന്നു.സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകും.ഈ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരിയും,16 ന് കാസര്‍ഗോഡ‍് നിന്ന് കാനം രാജേന്ദ്രനും നയിക്കുന്ന തെരഞ്ഞെടുപ്പ് ജാഥയുടെ ഒരുക്കങ്ങളാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. ജാഥയുടെ സ്വീകരണ പരിപാടികളിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചക്ക് വരും. ജാഥ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സീറ്റ് വിഭജനത്തില്‍ ധാരണയുണ്ടാക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം 15 സീറ്റിലും സി.പി.ഐ 4 സീറ്റിലും ജനതാദള്‍ ഒരു സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണയും അതേ നില തുടരണോ പുതിയ ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമോ തുടങ്ങിയ കാര്യങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനിക്കുന്നത് ചില കക്ഷികള്‍ സീറ്റ് വേണമെന്ന ആവശ്യം ഇന്നത്തെ യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. അതേസമയം സി.പി.ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ്,കൌണ്‍സില്‍ യോഗങ്ങളും ഇന്ന് ചേരുന്നുണ്ട്.ജാഥയുടെ ഒരുക്കങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടക്കും.