India Kerala

അട്ടിമറി പ്രതീക്ഷിച്ച് എല്‍.ഡി.എഫ് ക്യാമ്പ്; 7 പഞ്ചായത്തുകളില്‍ ലീഡ് പ്രതീക്ഷ

പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫിലെയും കേരള കോണ്‍ഗ്രസിലെയും പൊട്ടിത്തെറികള്‍ ഗുണം ചെയ്താല്‍ 7 പഞ്ചായത്തിലെങ്കിലും മേല്‍ക്കൈ നേടാനാകുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് തവണ കൈവിട്ട പാലാക്കാര്‍ ഇത്തവണ മാണി സി കാപ്പനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉളളത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കവുമെല്ലാം ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ച മാണി സി കാപ്പന് മുന്നില്‍ ജോസ് ടോമിന്റെ സ്ഥനാര്‍ത്ഥിത്വം ഒരു വെല്ലുവിളിയല്ലെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നു.

ജോസ് കെ. മാണിക്ക് എതിരെ നില്‍ക്കുന്ന വലിയൊരു വിഭാഗം തന്നെ പിന്തുണച്ചിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിജയം അനായാസമാകുമെന്നാണ് പ്രതീക്ഷ. തലപ്പലം, തലനാട്, കടനാട്, എലിക്കുളം എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ ജോസ് ടോമിന്റെ പഞ്ചായത്തായ മീനച്ചില്‍, രാമപുരം എന്നിവിടങ്ങളിലും ലീഡ് നേടാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്ക് കൂട്ടുന്നത്.