Kerala

‘ഇങ്ങനെയൊരു പിആർ വർക്കും ഞാൻ മുഖ്യമന്ത്രിയായപ്പോൾ നടത്തിയിട്ടില്ല’: ഉമ്മൻചാണ്ടി

പരാജയത്തെ മറച്ചുവെക്കാനാണ് പിണറായി സർക്കാർ പരസ്യങ്ങളെ ആശ്രയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെയൊരു പിആർ വർക്കും നടന്നിട്ടില്ല. സർക്കാരിന്റെ നല്ല കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇവിടെ അത് അങ്ങനെയല്ല, കുറവുകൾ മറയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയാണ് ഇപ്പോഴത്തെ പിആർ വർക്കെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ചെന്നിത്തല, അതിനാലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത്.

ഭക്ഷ്യ കിറ്റുകളും ക്ഷേമ പെൻഷനുകളും എൽ.ഡി.എഫ് സർക്കാരിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് യാഥാർത്ഥ്യം മറ്റൊന്നാണ് എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

എൽ.ഡി.എഫ് സർക്കാർ സൗജന്യ കിറ്റുകൾ നൽകുമ്പോൾ, യു.ഡി.എഫ് സർക്കാർ ആരംഭിച്ച ബി.പി.എൽ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം അവർ നിർത്തലാക്കി. ഓണസമയത്ത് യു.ഡി.എഫ് കിറ്റ് നൽകാറുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാരിന് അത് ചെയ്യാൻ കഴിഞ്ഞില്ല. നല്ല ഭരണമാണ് എന്ന് വരുത്തിതീർക്കാൻ മറ്റ് ഉദാഹരണങ്ങൾ ഇല്ലാത്തതിനാലാണ് സജന്യ കിറ്റുകളുടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ജനങ്ങൾ ഓണത്തിന്‍റെ സമയത്ത് കിറ്റ് ചോദിച്ചപ്പോൾ, വെള്ളപ്പൊക്കം, നിപ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് അത് നൽകിയില്ലെന്നും ഉമ്മചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ സൗജന്യ അരി വിതരണം പുനരാരംഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.