Kerala

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ്

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും

സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്നതാണ് ഇടത് മുന്നണിയുടെ പരാതി. ഇത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയാണ്.

കേന്ദ്ര ഏജൻസികളുടെ തെറ്റായ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുന്നുകേന്ദ്ര ഗവൺമെൻറ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഏജൻസികളെ ഉപയോഗിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. ലൈഫ് പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത രീതിയോട് സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. സി.ബി.ഐയെ ഒഴിവാക്കുന്ന നിയമ നിർമ്മാണം ഉടൻ ഉണ്ടാകില്ലെങ്കിലും സർക്കാർ നിയമ വഴികൾ ആലോചിക്കുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചേക്കും.