ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നും തുടരും. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൂർണമായി നടപടിയെടുക്കാതെ സമരം പിൻവലിക്കില്ല നിലപാടിലാണ് അഭിഭാഷകർ. എന്നാൽ കോടതിയിലേക്ക് എത്തുന്ന ഇന്ന് പൊതുജനങ്ങളെയും തടയില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി.
ജില്ലാ കോടതികളിലെ പണിമുടക്കും പ്രതിഷേധവും നീതി ലഭിക്കും വരെ തുടരാനാണ് അഭിഭാഷകരുടെ തീരുമാനം. ഇതനുസരിച്ച് സാകേത് അടക്കമുള്ള ജില്ലാ കോടതികളിൽ ഇന്നും പ്രതിഷേധം നടക്കും. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ കവാടം അടച്ചു പൂട്ടിയ അഭിഭാഷകർ ഇന്ന് അത്തരം നടപടികൾ ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കോടതിയിൽ സുരക്ഷാ പരിശോധനയ്ക്കായി പൊലീസ് ഉദ്യോഗസ്ഥർ എത്താനിടയില്ല . അതിനാൽ സുരക്ഷാ പരിശോധന അഭിഭാഷകർ തന്നെ നടത്തുമെന്നാണ് അഭിഭാഷക സംഘടന അറിയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ആരെയും കോടതിയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞിട്ടില്ല എന്നാണ് അഭിഭാഷകരുടെ വാദം. തങ്ങൾ നടത്തുന്ന സമരം സമാധാനപരമായിരിക്കുമെന്നും അഭിഭാഷകർ അറിയിച്ചു.
ഇന്നലെ അഭിഭാഷകരിൽ ചിലർ ആത്മഹത്യ ഭീഷണി മുഴക്കിയ സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥർ കോടതിയിലേക്ക് എത്തിയിരുന്നില്ല. തങ്ങള്‍ക്ക് അത്തരമൊരു പരാതി ലഭിച്ചിരുന്നില്ല എന്നാണ് പൊലീസ് പ്രതികരിച്ചത്. ജില്ലാ കോടതികളിൽ അഭിഭാഷകർ പ്രതിഷേധിച്ചതോടെ ഹൈക്കോടതിയും സുപ്രീം കോടതി മാത്രമാണ് ആണ് ഇന്നലെ പ്രവർത്തിച്ചത്.