ലാവ്‍ലിൻ വിഷയത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. ലാവ്‍ലിൻ കേസിൽ താൻ ശിക്ഷിക്കപ്പെടുമെന്നത്പ്ര തിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിൽ നിന്ന് പിണറായി വിജയൻ കുറ്റവിമുക്തനായിട്ടില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിനിടയിലായിരുന്നു പ്രതിപക്ഷം ലാവ്‍ലിൻ കേസ് മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയത്. സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയവേ ലാവ്‍ലിൻ വിളികളോടെ പ്രതിപക്ഷം വീണ്ടും അണിനിരന്നു. ഇതോടെ സിഎജി വിഷയം വിട്ട് ലാവ്‍ലിനിലായി മുഖ്യമന്ത്രിയുടെ മറുപടി.
വിചാരണക്കോടതി വെറുതെ വിട്ട ലാലു പ്രസാദ് യാദവിനെ സുപ്രീംകോടതി ശിക്ഷിച്ച കാര്യം ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തി. തന്റെ പേരിൽ നിലവിൽ കേസൊന്നുമില്ലെന്നായിരുന്നു ഇതിനുളള മുഖ്യമന്ത്രിയുടെ മറുപടി.