Kerala

വിഴിഞ്ഞം തുറമുഖ നിർമാണം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തിരു. ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. അടുത്ത ചൊവ്വാഴ്ച്ച കരിദിനമാചരിക്കും. തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന് മുന്നിൽ രാപ്പകൽ സമരത്തിനും തീരുമാനം. തുടർസമര പരിപാടികൾ തീരുമാനിക്കാൻ നാളെ യോഗം ചേരും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തീരദേശവാസികളും ലത്തീന്‍ സഭയും ശക്തമായ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരത്തിലേക്ക് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ വള്ളങ്ങളുമായി സമരത്തിനെത്തിയിരുന്നു.

തീരശേഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിര്‍മ്മമാണമെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500 ഓളം വീടുകള്‍ കടലെടുത്തെന്ന് സമരക്കാര്‍ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തീരദേശവാസികളുടെ സമരം.