വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത. സമരത്തിനെതിരെ കേന്ദ്രസേനയെ ഇറക്കാനുള്ള അദാനി ഗ്രൂപ്പിൻറെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് സമരസമിതി ആരോപിച്ചു. സമരത്തിൻറെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര നാളെ വിഴിഞ്ഞത്ത് സമാപിക്കും.
വിഴിഞ്ഞംതുറമുഖ വിരുദ്ധ സമരത്തിൽ സമരപരിപാടികൾക്കൊപ്പം സർക്കാരിനെ കടന്നാക്രമിക്കുകയാണ് ലത്തീൻ അതിരൂപത. അദാനിക്കൊപ്പം ചേർന്ന് സർക്കാർ സമരത്തെ തർകർക്കാൻ ശ്രമിക്കുന്നിവെന്ന് സമരസമിതിയുടെ ആരോപണം.
പ്രശ്നബാധിത പ്രദേശങ്ങൾ നേരിട്ടറിയുന്ന മന്ത്രി ആന്റണി രാജു പരിഹാരശ്രമങ്ങൾക്ക് മുൻകൈ എടുക്കണം. പുനരധിവാസത്തിൻറെ ഭാഗമായി മുട്ടത്തറയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ല, പകരം മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം പതിച്ചു നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരത്തിൻറെ ഭാഗമായി നടത്തുന്ന ജനബോധനയാത്രക്ക് നാളെ തിരുവനന്തപുരത്ത് പത്ത് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വിഴിഞ്ഞം ഹാർബറിൽ നിന്നും ബഹുജനയാത്രയായി തുറമുഖകവാടത്തിലെ സമരപ്പന്തലിലെത്തുമ്പോൾ പ്രശാന്ത് ഭൂഷൺ അടക്കമുള്ള പ്രമുഖർ അഭിവാദ്യമർപ്പിക്കും. ഇതോടെ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാനാണ് അതിരൂപതയുടെ തീരുമാനം.