Kerala

ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; വൈകിപ്പോയെന്ന് ലതിക സുഭാഷ്

ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പരസ്യ പ്രതിഷേധം നടത്തിയ ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും വൈകിപ്പോയെന്ന് ലതിക സുഭാഷ് മറുപടി നല്‍കി.

അതിനിടെ, ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചനകളുണ്ട്. തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതിനാല്‍, ഇനി അനുനയ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച് തല മുണ്ഡനം ചെയ്തതില്‍ ഒതുങ്ങില്ല ലതിക സുഭാഷിന്റെ പ്രതിഷേധം. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകാനാണ് നീക്കം. വൈകീട്ട് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

പകരം സീറ്റോ മറ്റ് സ്ഥാനമാനങ്ങളോ കാട്ടിയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങള്‍ ലതിക നിരസിച്ചു. ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും പരസ്യ പ്രതികരണം. ഇതിനിടെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് ലതികയെ സന്ദര്‍ശിച്ചു. വൈകിപ്പോയി എന്നായിരുന്നു ലതികയുടെ മറുപടി. രാവിലെ കോട്ടയത്ത് എത്തിയത് മുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയുമായി ലതികയുടെ വീട്ടിലെത്തുന്നുണ്ട്.