ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലതിക സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമായിപോയി. ഏറെ പ്രിയപ്പെട്ട സഹോദരിയാണ് ലതിക സുഭാഷ്. അവരുടെ കുടുംബവുമായും ബന്ധമുണ്ട്. ലതികയുടെ ഭര്‍ത്താവ് സുഭാഷ് യൂത്ത് കോണ്‍ഗ്രസ് കാലം തൊട്ട് വിശ്വസ്തനായ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കിയ അംഗീകാരമാണ്.
ലതിക സുഭാഷിന് ഇത്തവണയും സീറ്റ് നല്‍കണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. മനപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നല്ല. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകനോട് എല്ലാം വിശദമായി പറഞ്ഞിരുന്നു. ലതിക സുഭാഷിന് വലിയ അംഗീകാരം കൊടുത്ത് അവരെ പാര്‍ട്ടി ബഹുമാനിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യം ലതിക സുഭാഷിനെ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ അവര്‍ക്ക് അത് സ്വീകാര്യമല്ലെന്ന് അറിയിച്ചു. 15 മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.