India Kerala

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍: ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കോടതി

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി വിമർശം. അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് കെ.കെ.രമയുടെ ഹരജിയിലാണ് കോടതി വിമർശനം.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതിനെ ചോദ്യം ചെയ്താണ് കെ.കെ.രമ ഹൈക്കോടതിയെ സമീപിച്ചത്. ജയിൽ ചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോൾ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നുമാണ് രമയുടെ ഹരജിയിൽ പറയുന്നത്.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോൾ എന്ന പേരിൽ നിരന്തരം പരോളുകൾ അനുവദിക്കുന്നു. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വീട് തകരൽ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പരോൾ അനുവദിക്കാവൂവെന്നാണ് കേരള ജയിൽ ചട്ടത്തിലെ 400ാം വ്യവസ്ഥയിൽ പറയുന്നത്.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് ആഭ്യന്തര അഡീ. സെക്രട്ടറി, ജയിൽ ഡി.ജി.പി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവർ ചേർന്ന് നിരന്തരം അത്യാവശ്യമെന്ന പേരിൽ പരോൾ അനുവദിക്കുകയാണെന്നാണ് ഹരജിയിലെ ആരോപണം. ചികിത്സയുടെ പേരിലാണ് പരോൾ അനുവദിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. അസുഖമുള്ള പ്രതികൾക്ക് ചികിത്സ ഉറപ്പാക്കണമെന്നും അല്ലാതെ നിരന്തരം പരോൾ അനുവദിക്കുകയല്ല വേണ്ടതെന്നും കോടതി വിമർശിച്ചു. രണ്ട് ആഴ്ചക്കകം സർക്കാരിനോട് വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.