ഓണ്‍ലൈന്‍ വഴി ലാപ്‌ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്‌ടോപ്പ് അയച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയതിയില്‍ ലാപ്‌ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രൊഫഷണലുകളും ഇത്തരം ചതിയില്‍ പെട്ടതായും മനസിലക്കാന്‍ സാധിച്ചു. Xiamen wiesel technology, tyler host, shenzhen hootel, century technology, interpred partners jsc, city electronic(pakistan),xiamen gayuanxi electronic commerce co ltd. എന്നീ കമ്പനികളില്‍ വിവിധ പ്രോഡക്ടുകള്‍ക്കായി ആലിബാബ ഓണ്‍ലൈന്‍ സൈറ്റ് വഴി ബുക്ക് ചെയ്തവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സമാനമായ രീതിയില്‍ നഷ്ടമായിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, ജോബ് സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം ചെയ്യുന്നവര്‍ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമേ പണം കൈമാറാവൂ എന്നും സിറ്റി ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി ടി. ശ്യാംലാല്‍ അറിയിച്ചു.