Kerala

മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍; 15 മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍:8547613101

ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജമലയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലെന്ന് ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍സ പറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നും സബ്കലക്ടര്‍ മീഡിയവണിനോട് പറഞ്ഞു.

മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറ‍ഞ്ഞു. സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു. എണ്‍പത് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്നും രാജേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.